കലയും കൗതുകവും സമന്വയിച്ച് കളംപാട്ട് ശില്പശാല
ആലുവ: പഞ്ചവർണ്ണ ഭദ്രകാളി കളവും, നന്തുണിയുടെ നാദവിസ്മയത്തിൽ
കളംപാട്ടും ആസ്വദിച്ച് വിദ്യാർത്ഥികൾ.
അനുഷ്ഠാന കലയായ കളംപാട്ടിനെ അടുത്തറിയാനും, ജനകീയമാക്കുന്നതിനുമാണ് ആലുവ യു.സി കോളേജിൽ ഫോക്ലോർ ക്ലബ്ബിൻ്റെയും മലയാളവിഭാഗത്തിൻ്റെയും ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചത്. കേരള ബുക്ക് ഓഫ് റെക്കോർഡ് ജേതാവും, കളംപാട്ട് കലാകാരനുമായ
കടന്നമണ്ണ ശ്രീനിവാസൻ ശില്പശാല നയിച്ചു. കളംപാട്ടിൻ്റെ അനുഷ്ഠാന ചടങ്ങുകളും, ഐതിഹ്യങ്ങളും, വർണ്ണപൊടികളുടെ നിർമ്മാണ രീതികളും, ലോഹസങ്കല്പങ്ങളും വ്യക്തമാക്കുന്ന സോദാഹരണ പ്രഭാഷണത്തോടു കൂടിയായിരുന്നു ശില്പശാല. ശ്രീനിവാസൻ്റെ 282-ാം കളംപാട്ട് ശില്പശാലയാണ് കോളേജിൽ നടന്നത്. മലയാളവിഭാഗം മേധാവി പ്രൊഫ(ഡോ.). സിബു മോടയിൽ കളംപാട്ടിൻ്റെ അനുഷ്ഠാനപരതയെപ്പറ്റി വിശകലനം ചെയ്തു. ഡോ. വിശാൽ ജോൺസൺ, സവാദ് കെ.എസ്, ഹൃദ്യ എന്നിവർ സംസാരിച്ചു.