കുറ്റിപ്പുഴ കൃഷ്ണപിള്ള സെമിനാർ സമാപനവും ശതാബ്ദി പ്രഭാഷണപരമ്പര ഉദ്ഘാടനവും
കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ യുക്തിവാദചിന്തയ്ക്ക് സമകാലിക ഇന്ത്യന്‍ അവസ്ഥയില്‍ വളരെയധികം പ്രസക്തിയുണ്ടെന്ന് ഡോ.എം.എന്‍. കാരശ്ശേരി വ്യക്തമാക്കി.കേരളത്തിലെ യുക്തിവാദചിന്തയുടെ പ്രാരംഭഘട്ടത്തിലെ ആശയധാരകള്‍ക്ക് അടിസ്ഥാനം കുറിച്ച ചിന്തകനായിരുന്നു വിചാരവിപ്ളവത്തിന്റെ രചയിതാവും യു.സി.കോളേജിലെ മലയാളവിഭാഗം അധ്യാപകനുമായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ള. സാമൂഹികവിമര്‍ശനവും സാഹിത്യവിമര്‍ശനവും യുക്ത്യാധിഷ്ഠിതമായി നിര്‍വ്വഹിച്ച നിരൂപകനാണ് കുറ്റിപ്പുഴ. സാമൂഹിക മുന്നേറ്റങ്ങളില്‍ ഫലപ്രദമായി ഇടപെടുവാന്‍ കേരളത്തിലെ ഇന്നത്തെ യുക്തിവാദസംഘടനകള്‍ക്ക് സാധിക്കുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും യു.സി.കോളജ് മലയാളവിഭാഗവും സംയുക്തമായി സംഘടപ്പിച്ച കുറ്റിപ്പുഴകൃഷ്ണപിള്ള ദര്‍ശനവും വിമര്‍ശനവും എന്ന ദ്വിദിനസെമിനാറിന്റെ സമാപനസമ്മേളനത്തില്‍ ശതാബ്ദി പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂതകാലത്തെ വിമര്‍ശിക്കുക വര്‍ത്തമാനകാലത്തെ നേരിടുക, ഭാവിയെ രൂപവത്കരിക്കുക ഇവയാണ് കുറ്റിപ്പുഴയുടെ ദര്‍ശനങ്ങളില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ടത് എന്ന് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ കെ.സി.നാരായണന്‍ വ്യക്തമാക്കി.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഡേവിഡ് സാജ് മാത്യു അധ്യക്ഷപ്രസംഗം നടത്തി. സെമിനാര്‍ കോഡിനേറ്റര്‍ ഡോ.വി.പി.മാര്‍ക്കോസ്, മാനോജര്‍ റവ.തോമസ് ജോണ്‍, വിദ്യാര്‍ത്ഥി പ്രതിനിധി നവീന്‍ കെ.ജി. എന്നിവര്‍ പ്രസംഗിച്ചു.